Kerala
തിരുവനന്തപുരം: പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് സ്ഥാനാർഥി മുങ്ങിയതോടെ തലസ്ഥാനത്തെ സിപിഐ നേതൃത്വം വെട്ടിലായി. ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർഥിയായി തീരുമാനിച്ച ജോസാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറുപ്പിട്ടശേഷം മുങ്ങിയത്.
തുടർന്ന് ജോസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിലവിൽ സ്ഥാനാർഥി ഒളിവിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന് ജോസ് പരാതി പറഞ്ഞിരുന്നു.
ജോസിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഐയിലും എതിർപ്പുണ്ടായിരുന്നു. ആർക്കും ഒറ്റയ്ക്ക് ഒരു യുദ്ധം വിജയിക്കാനാവില്ല. സ്ഥാനാർഥിയായപ്പോൾ തന്നെ പാർട്ടിയിൽ ഒറ്റപ്പെട്ടു. എല്ലാവരും കൂട്ടായി കഠിനമായി പരിശ്രമിച്ചാൽ പോലും ജാതീയമായ ധ്രുവീകരണമുണ്ടായാൽ വിജയം അസാധ്യമാകും.
നോമിനേഷൻ നൽകുന്നതിനു മുമ്പ് ഇത് പറയുന്നത് പാർട്ടിയോട് കാട്ടുന്ന ചതിയാണെന്നറിയാം. എങ്കിലും ഇനിയും വൈകിയിട്ടില്ല എന്നതു കൊണ്ടാണ് ഇപ്പോൾ തന്നെ അറിയിക്കുന്നത്. മത്സരരംഗത്തുനിന്ന് പിൻമാറുകയാണെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.
Kerala
കോഴിക്കോട്: കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന വി.എം.വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. കല്ലായി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന വി.എം.വിനുവാണ് കോഴിക്കോട് കോര്‍പറേഷനിലേക്കുള്ള കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.എം.വിനു വോട്ട് ചെയ്തിരുന്നു. അന്നത്തെ ലിസ്റ്റും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പത്രസമ്മേളനത്തിൽ ഹാജരാക്കി. വർഷങ്ങളായി കോഴിക്കോട് താമസിക്കുന്ന ആളാണ് സംവിധായകൻകൂടിയായ വി.എം.വിനു. പിന്നെ എന്തിനാണ് പേര് ഒഴിവാക്കിയത്.
ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജിനൽകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Kerala
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച കണ്ണൂർ മുൻ എസിപി ടി.കെ. രത്നകുമാർ മത്സരരംഗത്ത്.
ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്നും സിപിഎം സ്ഥാനാർഥിയായാണ് രത്നകുമാർ മത്സരിക്കുന്നത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളാണ് താനെന്നും, അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും ടി.കെ. രത്നകുമാര്‍ അറിയിച്ചു.
നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി.പി. ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറാണ്.
അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തലസ്ഥാനം പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര് ശ്രീലേഖ മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും മുതിർന്ന നേതാവ് വി.വി.രാജേഷ് കൊടുങ്ങന്നൂര് വാര്‍ഡിലും മത്സരിക്കും.
തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എം.ആര്. ഗോപൻ എന്നിവരും സ്ഥാനാര്‍ഥികളാണ്. പേരുര്‍ക്കടയിൽ ടി.എസ്. അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവും ജനവിധിതേടും.
മുന്‍ എംഎല്‍എ ശബരീനാഥനെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്. ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും ആരംഭിച്ചുകഴിഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ പ്രശാന്ത് കിഷോറിന് കനത്ത തിരിച്ചടി. മുൻഗർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ജൻ സുരാജ് പാർട്ടി സ്ഥാനാർഥി സഞ്ജയ് സിംഗ് ബിജെപിയിൽ ചേർന്നു.
ഇതോടെ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിലെ മത്സരം എൻഡിഎയും ഇന്ത്യാസഖ്യവും തമ്മിലായി. ദനാപുർ, ബ്രഹ്മപുർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ഥാനാർഥികൾ നേരത്തേ സ്ഥാനാർഥിത്വം പിൻവലിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ബിഹാർ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് താൻ വിശ്വസിക്കുന്നതായി സഞ്ജയ് സിംഗ് പറഞ്ഞു. 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
National
ചെന്നൈ: ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയിനെ തെരഞ്ഞെടുത്തു. ഇന്ന് മഹാബലിപുരത്ത് നടന്ന ടിവികെയുടെ ജനറല്‍ കൗൺസിലാണ് വിജയിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. ഇതോടെ 2026ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമെന്ന് വ്യക്തമായിരിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ ആരോപണവുമായി വിജയ് രംഗത്തെത്തി. കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിന് പറഞ്ഞതെന്നും എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്, 2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. 100 ശതമാനം വിജയം നമുക്കൊപ്പമാണ് എന്നും വിജയ് പറഞ്ഞു. ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്യുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ ഉള്‍പ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേമം വാര്‍ഡിലാണ് ഷജീര്‍ ജനവിധി തേടുന്നത്. സ്ഥാനാർഥികളുടെ പേരും വാർഡും: ജി. രവീന്ദ്രന്‍നായര്‍ (സൈനിക സ്കൂള്‍ ), പി.ആര്.പ്രദീപ് (ഞാണ്ടൂര്‍കോണം), കെ.ശൈലജ (ചെമ്പഴന്തി), വനജ രാജേന്ദ്രബാബു (മണ്ണന്തല), മണ്ണാമൂല രാജേഷ് (തുരുത്തുമൂല).
വി.മോഹന്‍ തമ്പി (വലിയവിള), ജി.പത്മകുമാര്‍ (മേലാംകോട്), എസ്.ശ്രുതി (കാലടി), സി.എസ്.ഹേമ (കരുമം), ഐ. രഞ്ജിനി (വെള്ളാര്‍), യു.എസ് രേഷ്മ (കളിപ്പാന്‍കുളം), എ.ബിനുകുമാര്‍ (കമലേശ്വരം), കെ.എസ്. ജയകുമാരന്‍ (ചെറുവയ്ക്കല്‍), വി.ജി. പ്രവീണ സുനില്‍ (അലത്തറ) എന്നിവരുടെ പേരുകളാണ് രണ്ടാം പട്ടികയില്‍ ഇടം നേടിയത്.
കെ.എസ്.ശബരിനാഥൻ ഉൾപ്പടെ 48 പേരുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 23 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോക് ജനശക്തി പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളി. മഥൗര മണ്ഡലത്തിൽ മത്സരിക്കുന്ന സീമ സിംഗിന്റെ നാമനിർദേശപത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
സീമാ സിംഗിന്റെതുൾപ്പടെ നാല് പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. സാങ്കേതിക പിഴവുള്ളതിനാലാണ് പത്രിക തള്ളിയതെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര സ്ഥാനാർഥികളായ അൽതാഫ് ആലം രാജു, വിശാൽ കുമാർ, ബിഎസ്പി സ്ഥാനാർഥി ആദിത്യ കുമാർ എന്നിവരുടെ പത്രികകളും തള്ളി.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎയ്ക്ക് ഭരണം ലഭിക്കുകയാണെങ്കിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയെ ചർച്ചയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടയാൾ ഞാനല്ല.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ചിരുന്നു തീരുമാനിക്കും ആരാകണം മുഖ്യമന്ത്രിയെന്ന്. അത് എല്ലാവരും അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയിൽ നിന്നു മുഖ്യമന്ത്രിയെ വേണമെന്ന നിർദേശവുമായി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയ പശ്ചാത്തലത്തിലായിരുന്ന നിതീഷ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഷാ വെളിപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 43 സീറ്റും ബിജെപിക്ക് 74 സീറ്റുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യം ജയിച്ചാൽ താനാകും മുഖ്യമന്ത്രിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനു നഷ്ടമായ മുഖ്യമന്ത്രി പദം ഇക്കുറി സ്വന്തമാക്കുകയാണ് തേജസ്വിയുടെ ലക്ഷ്യം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു.